കന്നഡ
കണ്ണട വോ. I
Kannada (Kannada Vol I)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംമുരുകൻ കാട്ടാക്കട
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍മുരുകൻ കാട്ടാക്കട
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 22 2013 05:49:39.




എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

രക്തം ചിതറിയ ചുവരുകൾ കാണാം
അഴിഞ്ഞ കോലക്കോപ്പുകൾ കാണാം

കത്തികൾ വെള്ളിടി വെട്ടും നാദം
ചില്ലുകളുടഞ്ഞു ചിതറും നാദം
പന്നിവെടിപ്പുക പൊന്തും തെരുവിൽ
പാതിക്കാൽ വിറകൊൾവതു കാണാം
ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും
കുരുന്നുഭീതിക്കണ്ണുകൾ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

സ്മരണകുടീരങ്ങൾ പെരുകുമ്പോൾ
പുത്രൻ ബലിവഴിയെ പോകുമ്പോൾ
മാതൃവിലാപത്താരാട്ടില്‍
മിഴി പൂട്ടിമയങ്ങും ബാല്യം
കണ്ണിൽ പെരുമഴയായ്‌ പെയ്തൊഴിവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

പൊട്ടിയ താലിച്ചരടുകൾ കാണാം
പൊട്ടാ മദ്യക്കുപ്പികൾ കാണാം
പലിശ പട്ടിണി പടികേറുമ്പോൾ
പുറകിലെ മാവിൽ കയറുകൾ കാണാം

തറയിലൊരിലയിലൊരൽപ്പം ചോരയിൽ
കൂനനുറുമ്പിര തേടൽ കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

പിഞ്ചുമടിക്കുത്തൻപതുപേർ ചേർന്നിരുപതുവെള്ളി
കാശുകൊടുത്തിട്ടുഴുമറിക്കും കാഴ്ച്ചകൾ കാണാം
തെരുവിൽ സ്വപ്നം കരിഞ്ഞ മുഖവും
നീട്ടിയ പിഞ്ചുകരങ്ങൾ കാണാം

അരികിൽ ശീമക്കാറിന്നുള്ളിൽ
സുകശീതള മൃദു മാറിൻ ചൂരിൽ
ഒരു ശ്വാനൻ പാൽ നുണവതു കാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

തിണ്ണയിലമ്പതു കാശിൻ പെൻഷൻ
തെണ്ടി ഒരായിരമാളെക്കാണാം
കൊടിപാറും ചെറു കാറിലൊരാൾ
പരിവാരങ്ങളുമായ്‌ പായ്‌വതുകാണാം
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

കിളിനാദം ഗതകാലം കനവിൽ
നുണയും മൊട്ടകുന്നുകൾ കാണാം
കുത്തി പായാൻ മോഹിക്കും പുഴ
വറ്റിവരണ്ടു കിടപ്പതു കാണാം
പുഴ വറ്റിവരണ്ടു കിടപ്പതു കാണാം
വിളയില്ല തവളപ്പാടില്ലാ
കൂറ്റൻ കുഴികൾ കുപ്പത്തറകൾ
മങ്ങിയ കാഴ്ച്ചകൾ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം

ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട

ഒരാളൊരിക്കൽ കണ്ണട വച്ചു
കല്ലെറി കുരിശേറ്റം
വേറൊരാളൊരിക്കൽ കണ്ണട വച്ചു
ചെകിടടി വെടിയുണ്ട
കൊത്തിയുടയ്ക്കുക തിമിരക്കാഴ്ച്ചകൾ
സ്ഫടികസരിതം പോലേ സുകൃതം
കാടു കരിച്ചു മറിഞ്ഞൊഴുകുന്നൊരു
മാവേലിത്തറ കാണും വരെ നാം
കൊത്തിയുടയ്ക്കുക കാഴ്ച്ചകൾ
ഇടയൻ മുട്ടി വിളിക്കും കാലം കാക്കുക

എല്ലാവർക്കും തിമിരം നമ്മൾക്കെല്ലാവർക്കും തിമിരം
മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്തു
കണ്ണടകൾ വേണം കണ്ണടകൾ വേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts