അമ്മ
സൂര്യകാന്തിയുടെ ഹൃദയം
Amma (Sooryakanthiyude Hridayam)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംലഭ്യമല്ല
ഗാനരചനസന്തോഷ് ബാബു ശിവൻ
ഗായകര്‍സന്തോഷ് ബാബു ശിവൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 02 2012 05:41:10.

വരൾ മണ്ണിൽ ഉതിർവീണ മഴനനസ്പർശത്തിൽ,
ഒരു വിത്തുണർത്തുവാൻ
എരികനൽ ചൂടേറ്റു തൊണ്ട പൊള്ളുമ്പോഴും ,
ഒരു കുമ്പിൾ നീരെന്നും കരുതിവെച്ചോൾ,
ഉള്ളിലേഴു കടലാഴം കനിവുതിപ്പോൾ
ഉടലെരിച്ചുയിരിന്റെ ചൂടും
കിനാവിന്റെ കസവാടയും
ഹൃദയത്താള തുടിപ്പുമീ മധുരവും
നല്ല വാക്കെരിയും
വിളക്കിന്റെയൊപ്പമായ്
താരാട്ടുശീലും പുതപ്പിച്ചു നൽകിയോൾ

ഇരുളും പുകക്കറയും അലിയുന്നടുക്കള
ചുവരിലെ വായ്പ്പക്കണക്കിന്റെ അക്കമായ്
ജീരകപ്പാട്ടയിൽ കൂട്ടുന്ന നാണയത്തിരിലെ
മെല്ലിച്ച നിമിഷ നാദങ്ങളായ്
കരിയടുപ്പിൻ തിളകഞ്ഞിയായ് കായമായ്
കാലത്തിനപ്പുറം വെന്തു നിൽക്കുന്നവൾ
കാലത്തിനപ്പുറം വെന്തു നിൽക്കുന്നവൾ

പട്ടിണി നരപ്പിച്ച നാളിന്റെ നെറുകയിൽ
പുഞ്ചിരിപ്പൂവിതൾ തൂകീ.....
വായ്പ്പ നെല്ലിൻ ദയ കഞ്ഞിപ്പകർച്ചയിൽ
ഉള്ളം കടഞ്ഞുപ്പു നേദിച്ചവൾ
ഉണ്ണാതെ ഊട്ടി ഉറങ്ങിയോൾ നാളെയുടെ
നല്ല കാലക്കിനാകഥ പറഞ്ഞോൾ

അച്ഛൻ തിളച്ചെയ്യും അസ്ത്രവാക്കിൽ
മനം മൂകം കരഞ്ഞ രാപ്പാടിയിവൾ....
തുടർനാടകച്ചെണ്ട കൊട്ടും ദിനങ്ങളാൽ
കണ്ണീരു കല്ലിച്ച മിഴിയൊപ്പിവൾ
കണ്ണീരു കല്ലിച്ച മിഴിയൊപ്പിവൾ....

പ്രവാസത്തിരക്കിന്റെ യാത്രാമൊഴിക്കോണിൽ
പറയാതെ വെക്കുന്ന കടുമാങ്ങയിൽ നിന്നും
കിനിയുന്നോരെണ്ണ പടർപ്പായ് നിൽപ്പവൾ
എന്‍ കാലിടർച്ചയിൽ ഊരങ്ങളലിയിച്ചു
ചാരെ വന്നെത്തുന്ന പ്രാർത്ഥനാഗീതിക...

ആദി അറിവിൻ പൊരുളെനിക്കായ്‌ നൽകിയോൾ
ആദിരുചി നാവിലേക്കിറ്റിച്ചു നൽകിയോൾ
എന്റെ ആകാശം വഴിത്താര വഴിയൊടുങ്ങുന്നിട-
ത്തിരുളു കീറിത്തരുന്നൊറ്റനക്ഷത്രം....
വഴിയൊടുങ്ങുന്നിടത്തിരുളു കീറിത്തരുന്നൊറ്റനക്ഷത്രം...

ജീവിതച്ചുവരിലെ ചിത്രങ്ങളിൽ ചമയമില്ലാ-
മുഖങ്ങളായി അവതരിച്ചോർ
കാഴ്ച ഇല്ലാത്ത കാലമുരുളുമ്പോഴും
നോവിന്റെ നേരായി കതിരുതിർപ്പൂ
പുലരുവോളം വഴിക്കണ്ണിൻ ചെരാതുമായ്
കാത്തിരുന്നെണ്ണ വറ്റിപ്പോയുടഞ്ഞവൾ
പെറ്റ നൂറുണ്ണികൾ നഷ്ടമായ് തീരും
വിലാപത്തിലന്തിവെട്ടം കെട്ട് നിൽപ്പവൾ
തുണയെന്നു പൊളി ചൊല്ലി മണമാട്ടിയാരോ
ചവിട്ടിച്ചതച്ചിട്ട നൊമ്പരപൂവിതൾ
തെരുവോരമുണ്ണിയുടെ അരവയർ നിറയ്ക്കുവാൻ ,
ഇടറി നീളും നേർത്ത വിറയാർന്ന യാചന...
മടുപ്പിൻ കനപ്പാർന്ന വൃദ്ധസദനത്തിലെ
മൗനം മുറിയ്ക്കുന്ന താപനിശ്വാസം

ഒരു തേങ്ങൽ ഉള്ളില്‍ കുരുക്കിയിട്ടെന്നും
ചിരിച്ചില്ലു വെട്ടം വിതയ്ക്കുന്ന മൊഴിയിവൾ

പിച്ചവെപ്പിൻ ഇടർപ്പാതയിൽ നീട്ടിയ
വിരൽത്തുമ്പിലുണരുന്ന താങ്ങിന്റെ കരുതലും
നെഞ്ചിടിപ്പിൻ ഇടത്താളം കൊരുത്തോരു
താരാട്ടു തൊട്ടിലിൻ ആയവും പേറി
ഒറ്റത്തിരി ചുണ്ടിലെരിയുന്ന നാളമായ് അമ്മ നിൽപ്പൂ

അമ്മയിവൾ ഉണ്ണികൾ മറന്ന വഴിവളവിലെ
പഴയ വീടിൻ കതുകു ചാരാത്ത വാതിൽ...
അമ്മയിവൾ ഉണ്ണികൾ മറന്ന വഴിവളവിലെ
പഴയ വീടിൻ കതുകു ചാരാത്ത വാതിൽ......

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts