വന്ദിപ്പിൻ മാതാവിനെ
വള്ളത്തോൾ കവിതകൾ
Vandippin Maathaavine (Vallathol Kavithakal)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപരമ്പരാഗതം
ഗാനരചനവള്ളത്തോൾ നാരായണമേനോൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:45.

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ

എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു
സത്രജിത്തിനു പണ്ട് സഹസ്രകരം പോലെ
പശ്ചിമ രത്നാകരം പ്രീതിയാല്‍ ദാനം ചെയ്ത
വിശ്വൈക മഹാരത്നമല്ലീ നമ്മുടെ രാജ്യം

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സമുദ്രാത്മ ഭൂവാമീ ശ്രീദേവിയെ

പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
സ്വച്ഛാബ്ദി മണല്‍ത്തിട്ടാം പാദോബധാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്ശ്വയുഗ്മാത്തെ കാത്തു -
കൊള്ളുന്നു കുമാരിയും ഗോകർണ്ണേശനുമമ്മേ

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ ഉപാസ്യരായുള്ളോര്‍ക്കും ഉപാസ്യയെ

ആഴി വീചികള്‍ അനുവേലം വെണ്‍ നുരകളാല്‍
തോഴികള്‍ പോലെ തവ ചാരുതൃപ്പാദങ്ങളില്‍
തൂവെള്ളി ചിലമ്പുകള്‍ ഇടുവിക്കുന്നൂ തൃപ്തി-
കൈവരാഞ്ഞഴിക്കുന്നൂ പിന്നെയും തുടരുന്നു

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ അനന്യസാധാരണ സൌഭാഗ്യയെ

മിന്നല്‍ക്കാറുകളായ പൊന്നണി ദ്വീപങ്ങളു -
മന്യൂന സ്ഥനിതമാം പടഹ സ്വനവുമായ്
ഭാസമാനേന്ദ്രായുധ തോരണം വര്ശോല്സവം
ഭാര്‍ഗ്ഗവ ക്ഷേത്രത്തില്‍ പോല്‍ എങ്ങാനും ഉണ്ടോ വേറെ

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ സുഭിക്ഷാദി ദേവതയായുള്ളോളേ

ചന്ദനവര്‍ണ്ണക്കുളിര്‍ തെന്നലിന്‍ കളികളാല്‍
മന്ദമായ് തലയാട്ടിക്കൊണ്ട് മാമലകളില്‍
ഉല്ലസിച്ചീടും ജയ വൈജയന്തികളെലാ-
വള്ളികള്‍ നിന്‍ തൂമണം എങ്ങെങ്ങു വീശാതുള്ളൂ

വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ ഗുണഗണാവര്ജ്ജിത ജനൗഢയെ
വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts