സന്ദര്‍ശനം
കാവ്യഗീതികൾ 1
Sandarsanam (Kaavyageethikal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജയ്സണ്‍ ജെ നായര്‍
ഗാനരചനബാലചന്ദ്രൻ ചുള്ളിക്കാട്‌
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:16.


 അധികനേരമായി സന്ദശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ.

മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും
കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും.

കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.

മരണ വേഗത്തിലോടുന്നു വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണ -
നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.

നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദി കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാൻ രാത്രിതന്‍
നിഴലുകള്‍ നമ്മള് പണ്ടേ പിരിഞ്ഞവര്‍.
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts