പേരാറ്റുപടവീട്ടിലെ പടനായര് കാലദോഷം മൂലം ചായക്കടക്കാരനാകുന്നു. അയാളുടെ മകളാണ് സുന്ദരിയായ അമ്മു. അപ്പുണ്ണി അയാളുടെ അനന്തിരവനും. അമ്മു അപ്പുണ്ണിയുടേതെന്നു പറഞ്ഞ് പച്ചിലകെട്ടി നടത്തിക്കുന്ന ആടിനെപ്പോലെ പടനായര് അപ്പുണ്ണിയെക്കൊണ്ട് ചായക്കട നടത്തിക്കുകയും അവന്റെ അമ്മയുടെ ഭാഗം പിരിച്ചു കൊടുക്കാതെ കൈവശം വച്ച് അനുഭവിക്കുകയും ചെയ്യുന്നു. നാട്ടിലെ സ്കൂളില്‍ മാഷായെത്തുന്ന മേനോന് അമ്മുവിനെക്കണ്ട് അനുരക്തനാകുന്നു. തറവാട്ടുകാരായ മേനോന്റെ കുടുംബവുമായി ബന്ധം കൂടിയാല്‍ തന്റെ പോയകാല പ്രതാപം വീണ്ടെടുക്കാമെന്നു കണക്കുകൂട്ടി പടനായര് മകളെ മേനോന് വിവാഹം കഴിച്ചുകൊടുക്കാന്‍ തീരുമാനിക്കുന്നു. പക്ഷേ ദൈവഹിതം പോലെ ആ വിവാഹം നടക്കാതിരിക്കുകയും അപ്പുണ്ണി അമ്മുവിന്റെ കഴുത്തില്‍ താലികെട്ടുകയും ചെയ്യുന്നു.
പടനായരായി ഭരത് ഗോപി അഭിനയിക്കുന്നു. മുടിഞ്ഞ നായര്‍ത്തറവാട്ടിലെ കാരണവരുടെ ഭാഗം ഗോപിയുടെ കയ്യില്‍ സുരക്ഷിതം. ഭാര്യയായി സുകുമാരി ഗോപിയുടെ അഭിനയത്തിന് നിറം പകരുന്നു. സുന്ദരിക്കുട്ടിയായ അമ്മു മേനകയാണ്. പൊട്ടന് എന്ന ഓമനപ്പേരില്‍ അമ്മാവന് വിളിക്കുന്ന അപ്പുണ്ണി നെടുമുടി വേണുവും. സിനിമയിലാകമാനം പൊട്ടന്റെ മുഖഭാവം അനായാസം പകര്‍ന്നാടുന്ന നെടുമുടി അവസാനരംഗത്ത് താനൊരു പൊട്ടനല്ല എന്ന് നിസ്സംശയം പ്രഖ്യാപിക്കുന്ന ഭാവമാറ്റം അതിമനോഹരമാണ്. ശൃംഗാരക്കുഴമ്പനും അതേസമയം പേടിത്തൊണ്ടനുമായ മേനോന് മാഷായി മോഹന്‍ലാല്‍ ആണ് രംഗത്ത്. മോഹന്‍ ലാലിന്റെ ആദ്യകാലപടങ്ങളിലൊന്നായ അപ്പുണ്ണി, ഭാവിയിലെ സൂപ്പര്‍ താരത്തിന്റെ മിന്നായങ്ങള്‍ തീര്‍ച്ചയായും പ്രേക്ഷകനു നല്‍കുന്നുണ്ട്. ബഹദൊറിന്റെ ഹാജിയാരും, ശങ്കരാടിയുടെ അധികാരിയും, ഒടുവിലാന്റെ മാഷുമൊക്കെ നാട്ടിന് പുറത്തെ നമ്മുടെ അയല്‍ക്കാര്‍ തന്നെ.
ഏടുത്തുപറയണ്ട അഭിനയം മേനോന്റെ അമ്മയായി അഭിനയിക്കുന്ന മീനയുടേതുതന്നെ. രണ്ടേ രണ്ടു രംഗത്തു പ്രത്യക്ഷപ്പെടുന്ന മീന ചെമ്മനപുതുശ്ശേരിയിലെ കാരണവത്തിയെ അവിസ്മരണീയയാക്കുന്നു.
സത്യന് അന്തിക്കാടിന്റെ പോയകാലവസന്തങ്ങളിലൊന്നാണ് അപ്പുണ്ണി.