സെപ്റ്റംബര്‍ 16 നു രാവിലെ ഒരു ട്രാഫിക് ഐലന്റില്‍ ഉണ്ടായ ഒരപകടം എങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ, വ്യക്തിപരമായി അപരിചിതരായവരെ നേരിട്ടും അല്ലാതെയും എങ്ങിനെ ബാധിക്കുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആ ദിവസം 12 മണികൂറില്‍ നടക്കുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിലുള്ളത്.
കൃത്യമായ ഒരു തിരക്കഥ ഈ ചിത്രം ഇത്രയും മനോഹരമാക്കുന്നതിനു സംവിധായകനെ സഹായിച്ചിട്ടുണ്ട്. ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണെങ്കിലും ഹൃദയസ്പര്‍ശിയായ ഒരുപാട് കഥാസന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. അഭിനേതാക്കള്‍ വളരെ മികവോടെ തങ്ങളുടെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അവതരിപ്പിച്ചു എന്നുള്ളതാണ് ചിത്രം നന്നാകുവാനുള്ള മറ്റൊരു കാരണം. ഒന്ന് രണ്ടു സീനുകളില്‍ വന്നു പോകുന്ന പല കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ഒരു കഥാപാത്രവും അനാവശ്യമാണ് എന്ന് തോന്നിയില്ല. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണം, മെജോ ജോസഫ്, സാംസണ് കൊട്ടൂര്‍ എന്നിവരുടെ പശ്ചാത്തല സംഗീതം എന്നിവ ചിത്രത്തിന്റെ ചടുലതാളം നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിനു ഒരു പരിധി വരെ സഹായകരമായിട്ടുണ്ട്.
സംഭാഷണങ്ങളില്‍ ചിലപ്പോഴൊക്കെ തോന്നുന്ന നാടകീയത വേണമെങ്കില്‍ ഒരു കുറവായി പറയാം. ചിത്രത്തിലെ പാട്ടുകള്‍ കഥാ സന്ദര്‍ഭവുമായി ചേര്‍ന്നു പോകുന്നുണ്ട്. ചിത്രത്തില്‍ പലയിടത്തും കാര്യങ്ങള്‍ പരത്തി പറയാതെ പ്രേക്ഷകര്‍ക്ക് കൂടി ആലോചിക്കാനുള്ള വക നല്കുന്നു രചയിതാക്കള്‍.
പ്രേക്ഷകരെ ആകാംഷയുടെ മുള് മുനയില്‍ നിര്‍ത്തുവാനും ഹൃദയത്തെ സ്പര്‍ശിച്ച് പിടിച്ചിരുത്തുവാനും സാധിച്ചിരിക്കുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്റെ വിജയം.വളരെ നാളുകള്‍ക്കു ശേഷമാണ് ഒരു മലയാള ചിത്രം കഴിഞ്ഞതിനു ശേഷം പ്രേക്ഷകര്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുനത് കാണുന്നത്. പലപ്പോഴും ചലച്ചിത്രോത്സവങ്ങളില്‍ മാത്രം കാണുന്ന കാഴ്ച. നല്ല സിനിമകളെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു എന്നുള്ളതിന്റെ മറ്റൊരു തെളിവ്. തീര്‍ച്ചയായും എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒരു ചിത്രം..
Babel, Amores Perros തുടങ്ങിയ Alejandro González Iñárritu വിന്റെ ചിത്രങ്ങളില്‍ പ്രയോഗിച്ചിട്ടുള്ള ആഖ്യാന രീതിയാണ് ഈ ചിത്രത്തിനുള്ളത്. പക്ഷെ ഈ ചിത്രങ്ങളില്‍ നിന്ന് തുലോം വ്യതസ്തമാണ് ട്രാഫിക്.