പാർവ്വതി
വലയില്‍ വീണ കിളികള്‍
Parvathi (Valayil Veena Kilikal)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംകെ എം ഉദയൻ
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അനില്‍ പനച്ചൂരാന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 03 2013 13:26:59.

ഒരു പകുതിയിൽ തൂവെളിച്ചം
മറുപകുതിയിൽ തീർത്ഥവർഷം
നീ വരണമാല്യം തന്നതെന്നാത്മ ഹർഷം
അറുതി വന്നിതെൻ സങ്കട സഹസ്രം

പാർവതി നീ പിറന്നതെൻ പ്രാണനിൽ
പ്രണയ സങ്കീർത്തനം പാടിയാടുവാൻ
പൂങ്കിനാവിന്റെ പൂ നുള്ളി നുള്ളി നീ
താര നിശയിലൂടൂറും നിലാവിന്റെ
നീല നൂലിൽ കൊരുത്തും
എന്റെ നേർപകുതി പകുത്തും
ഇടനെഞ്ചിലെ കടും തുടിയിൽ
താള പ്രപഞ്ചം പടച്ചും
എന്റെ താപസ വേനലിൽ ഹിമ ബിന്ദു
വർഷിച്ചു വന്നു നില്പൂ തുഷാരാർദ്ര നന്ദിനി

ഒരു മുലയിൽ മധുര സംഗീതം
ഇണ മുലയിൽ അമൃതം ചുരത്തുന്ന കാവ്യം.
നീ ചിരി തൂകി നില്ക്കുന്ന ഹൃദയം പവിത്രം
അവനറിവ് സൃഷ്ടി സ്ഥിതി ലയ ചരിത്രം

പാർവതി നീ നിറഞ്ഞെന്റെ പാനയിൽ
സോമയായ്.. സുരരാഗ സമൃദ്ധിയായ്
രാജാസാ രതിക്രീഡാനുഭൂതി തൻ
രത്ന സിംഹാസനത്തിലെ രാജ്ഞിയായ്
മൂല പ്രകൃതിയായ്.. എൻ ലിംഗ സ്പന്ദങ്ങൾ
മൂലോകമാക്കുന്ന ദിവ്യ പ്രതിഭയായ്
ഈ നാടകത്തിലെ നായികാ താരമായ്
എൻ കാമനയിലെ സൗന്ദര്യ ലഹരിയായ്
വന്നണഞ്ഞു നീ ഹിമശൈല നന്ദിനി

ഓർമ്മകളുറഞ്ഞു തുള്ളുന്നു
ഒരു യാഗശാലയെരിയുന്നു
അത്മാവിലഗ്നി വർഷിച്ചു പണ്ട്
നീ ദക്ഷന്റെ മകളായിരുന്നു

പാർവതീ...നീ മറഞ്ഞതെൻ ജീവനെ
അഗ്നി അഞ്ചിലും ഇട്ടു പൊള്ളിക്കുവാൻ
പൊന് തിടമ്പായ് എഴുന്നള്ളി വന്നു നീ
പോർവിളിയ്ക്കുന്നോരാസുര ദുർഗ്ഗങ്ങൾ
തച്ചുടയ്ക്കും ചിലമ്പൊലി നാദമായ്
ആ മന്ത്രണത്തിലലിയുന്ന ഹൃദയമായ്
ആരുമില്ലാത്തവർക്കമ്മയായ് ഉമ്മയായ്
എന്റെ ജീവിതം പങ്കിടാൻ വന്നിടും
പൂങ്കനിവിന്റെ പാൽക്കിണ്ണമാണ് നീ

നീലജാലകത്തിന്റെ കമ്പളം നീക്കി
വെണ്മുകിലിന്റെ കൂനകൾ പോക്കി
എത്തി നോക്കുന്നു നീ ഉഷ സന്ധ്യയായ്
സത്വചിത്താനന്ദ സർവാദി സാരമായ്

പാർവതീ നീ പുകഞ്ഞെന്റെ മേനിയിൽ
അഷ്ടഗന്ധ സുഗന്ധം പരത്തുന്നു
പത്തു ദിക്കും നിറഞ്ഞു കുമിഞ്ഞിടും
പദ്മനാഭപുരം കത്തുമാ വിഷം
ലോക രക്ഷാർത്ഥം ആഹരിചീടവേ
എന് കഴുത്തിൽ പിടിച്ചു മുറുക്കി നീ
നീലവാനൊളിയെകുന്നു ജീവന്റെ തീ
തിരിച്ചേകി യൗവനം നല്കുന്നു

പാർവതീ നീ കിനിഞ്ഞെൻ കുടന്നയിൽ
ഗംഗയായ് ഭൂത ശീതള സ്പർശമായ്
കാമനെ ചുട്ട കണ്ണ് നിൻ കണ്ണേറി
കൊണ്ട് മഞ്ഞിന്റെ താഴ്വരയാകുന്നു
താമര തണ്ട് കണ്ടു ഞാൻ എന്നിലെ
ഹംസ മാർഗം തുറന്നു നീ തന്നുവോ
കേസരത്തിൽ ചവുട്ടി ചവുട്ടി ഞാൻ
നിൻ വരാടകം ചുറ്റി നടക്കട്ടെ
നിന്റെ ചിന്താമണി ഗ്രഹ വാതിലിൽ എന്റെ
കാതൽ അലിഞ്ഞു ചേരുന്നിതാ

നിന്റെ ദേഹം പ്രദക്ഷിണം ചെയ്തു ഞാൻ
നിന്റെ മദ്ധ്യത്തമരട്ടെ
താന്ത്രിക ചിത്രമായ് അഞ്ചു വർണ്ണം ചുരത്തട്ടെ
പിന്നെ നിന്റെ മന്ത്രമായ് മൗനം ഭുജിക്കട്ടെ

പാർവതീ.. ഞാൻ മറഞ്ഞു നിൻ മാദകത്താലിയിൽ
നാദബിന്ദുവായ് ആദി പരാഗമായ്
പങ്കു ചേരുന്നു ഞാൻ നിൻ പകുതിയായ്
ലോകമങ്കുരിപ്പിക്കാൻ അടക്കുവാൻ
ആദ്യ രാഗം തുളുമ്പി തുളുമ്പിയെൻ
ജീവ താളത്തിനുന്മാദമേകുന്നു
നാഗമായ് ഞാനിഴഞ്ഞു കേറുന്നു നിൻ
താരുടലിൽ തുഷാരാർദ്ര നന്ദിനി

ഒരു പകുതിയിൽ തൂവെളിച്ചം
മറുപകുതിയിൽ തീർത്ഥവർഷം
നീ വരണമാല്യം തന്നതെന്നാത്മ ഹർഷം
അറുതി വന്നിതെൻ സങ്കട സഹസ്രം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts